ഹസ്രത്ത് റാ റിയാസ് ഗോഹർ ഷാഹി ആത്‌മീയാന്വേഷികളുടെ ഹൃദയങ്ങളെ ദൈവനാമത്താൽ പ്രകാശിപ്പിക്കുന്നു. മഹാനവർകളുടെ ആത്മീയകൃപയും അനുഗ്രഹങ്ങളും മുഴുവൻ മാനവരാശിക്കും വേണ്ടിയുള്ളതാണ്. അവിടെ ജാതിമതവർഗ്ഗ വ്യത്യാസങ്ങളില്ല. സാധാരണ ജനങ്ങൾക്ക് അപ്രാപ്യമായിരുന്ന ആത്‌മീയരഹസ്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തുന്നു. ആത്മീയശാസ്ത്രത്തിന്റെ പ്രായോഗികവിജ്ഞാനത്തിലൂടെ മഹാനവർകൾ അന്വേഷികളുടെ ആത്മാക്കളെ ദൈവികമായി ഉണർത്തി അവരെ ആത്മസാക്ഷാത്കാരത്തിന്റെയും ദൈവസാക്ഷാത്കാരത്തിന്റെയും ഉന്നതതലങ്ങളിൽ എത്തിക്കുന്നു. മഹാനവർകൾ പറയുന്നു, “ഏത് മതക്കാരനാണെങ്കിലും ഹൃദയത്തിൽ ദൈവപ്രേമം ഉള്ളവനാണ് എല്ലാവരേക്കാളും ശ്രേഷ്ഠൻ.”

ഹസ്രത്ത് ഗോഹർ ഷാഹി ഈസാ നബി (അ) യുടെ (യേശു ക്രിസ്‌തു) രണ്ടാം വരവിനെ അറിയിക്കുന്നു. 1997 ൽ അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ വെച്ച് ഈസാ നബി (അ) ഗോഹർ ഷാഹി അവർകളെ സന്ദർശിച്ചു.

“ആത്മീയതയ്ക്ക് ഒരു മതവുമായും ബന്ധമില്ല. നിങ്ങളുടെ ആത്മാക്കളെ ഉണർത്താൻ കഴിയുന്ന അറിവാണ് ആത്മീയത. നിങ്ങൾക്ക് അവയെ ശക്തിപ്പെടുത്താനും അതിലൂടെ ഉയർന്ന ആത്‌മീയ തലങ്ങളിൽ എത്തിച്ചേരാനും ദൈവത്തെ സമീപിക്കാനും കഴിയും”
ഹസ്രത്ത് റിയാസ് അഹമ്മദ് ഗോഹർ ഷാഹി

രണ്ട് തരത്തിലുള്ള മതങ്ങളുണ്ട്. ഒന്ന്, ശരീരത്തിൻ്റെ മതം; രണ്ട്, ആത്മാവിൻ്റെ മതം. ഏകദേശം 1,24,000 പ്രവാചകന്മാർ ഈ ലോകത്തിലേക്ക് അയക്കപ്പെടുകയും അവർ 313 മതങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഇവയെല്ലാം ശരീരത്തിൻ്റെ മതങ്ങളായിരുന്നു. ശരീരത്തിൻ്റെ മരണത്തോടെ അത് അവസാനിക്കുന്നു. ആത്മാവിൻ്റെ മതം ദൈവിക പ്രേമമാണ്. എല്ലാ മതങ്ങളും നൂറ്റാണ്ടുകളായി ഒരു ഉന്നത ആത്മീയ വ്യക്തിത്വത്തിനായി കാത്തിരിക്കുന്നു. ഈ ഉന്നത വ്യക്തിത്വം ആത്മാവിൻ്റെ മതത്തെ പരിചയപ്പെടുത്തും. അത് ദൈവത്തിൻ്റെ മതം കൂടിയാണ്. ദൈവം സ്നേഹമാണ്, ദൈവത്തിൻ്റെ മതം സ്നേഹമാണ്.

ദൈവനാമം ഹൃദയത്തിൽ പ്രവേശിപ്പിക്കുന്നതിനും അത് ഹൃദയത്തിനുള്ളിൽ സ്ഥിരമായി നിലകൊള്ളുന്നതിനുമുള്ള ദൈവികരീതി ഗോഹർ ഷാഹി അവർകൾ പഠിപ്പിച്ചു. ഹൃദയമിടിപ്പുമായി ദൈവനാമം സമന്വയിപ്പിക്കപ്പെടുന്നു. അങ്ങനെ ഹൃദയം നിരന്തരമായ ദൈവസ്മരണയിൽ (ദിക്ർ) ഏർപ്പെടുന്നു. ഹൃദയമിടിപ്പിനുള്ളിലെ ഈ നിരന്തരമായ ദൈവനാമ ജപം ഹൃദയത്തിനുള്ളിൽ ദൈവിക ഊർജ്ജം (നൂർ) ഉത്പാദിപ്പിക്കപ്പെടുവാൻ കാരണമാകുന്നു. ഹൃദയം എത്രത്തോളം ദൈവിക ഊർജ്ജം ഉത്പാദിപ്പിക്കുന്നുവോ അത്രത്തോളം രക്തവും അത് മുഖേന ശരീരവും ശുദ്ധീകരിക്കപ്പെടുന്നു. മനുഷ്യനും ദൈവവും തമ്മിലുള്ള ദൈവിക ബന്ധം സ്ഥാപിക്കപ്പെടുന്നു. ഹൃദയത്തിൽ കൂടുതൽ ദൈവികഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ ഒരാൾ ദൈവത്തോട് കൂടുതൽ അടുക്കുന്നു. ശുദ്ധീകരിക്കപ്പെട്ട ഹൃദയം സ്വഭാവത്തിലും വ്യക്തിത്വത്തിലും ദൈവത്തെ പ്രതിഫലിപ്പിക്കാൻ തുടങ്ങുന്നു. ദൈവസാന്നിദ്ധ്യം ഹൃദയത്തിൽ വഹിക്കുന്നവർ അവരുടെ വ്യക്തിത്വത്തിനുള്ളിൽ ദൈവത്തിൻ്റെ ഗുണങ്ങൾ നേടുന്നു. അങ്ങനെ  മനുഷ്യനിൽ ദൈവികത കൈവരുന്നു.

ഹസ്രത്ത് ഗോഹർ ഷാഹിയുടെ മൊഴിമുത്തുകൾ

“എൻ്റെ ഹൃദയം എല്ലാ മതങ്ങളെയും സ്വാഗതം ചെയ്യുന്നു. അതൊരു ക്ഷേത്രവും മസ്‌ജിദും ചർച്ചുമാണ്. എന്റെ മതം സ്നേഹമാണ്.”

“നിങ്ങൾ ദൈവത്തെയാണ് അന്വേഷിക്കുന്നതെങ്കിൽ ആത്മീയത പഠിക്കുക.”

“മനുഷ്യശരീരത്തിൽ ഏഴ് വ്യത്യസ്‌ത തരം ആത്മാക്കളുണ്ട്. അവയോരോന്നും വ്യത്യസ്‌ത ലോകങ്ങളുമായും വ്യത്യസ്‌ത സ്വർഗ്ഗങ്ങളുമായും മനുഷ്യശരീരത്തിലെ വ്യത്യസ്‌ത ധർമ്മങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.”

“നിരന്തരം ആത്മീയപരിശീലനങ്ങളിൽ ഏർപ്പെടുന്നവരുടെ നെഞ്ചിലെ ആത്മാക്കൾ ശക്തമായിരിക്കും. എന്നാല്‍ ഒരു ആത്മീയപരിശീലനത്തിലും ഏര്‍പ്പെടാത്തവരുടെ ആത്മാക്കൾ ഉറക്കത്തിലും സംവേദനക്ഷമതയില്ലാത്ത അവസ്ഥയിലുമായിരിക്കും. എന്നാല്‍ ഏതെങ്കിലും മാര്‍ഗ്ഗത്തിലൂടെ അല്ലാഹുവിന്റെ നാമം ആത്മാവുകളിലേക്ക് ആഗിരണം ചെയ്യപ്പെട്ടു കഴിഞ്ഞാൽ അവർ പിന്നെ നിരന്തരമായ ദിക്റിലും (ദിക്റേ സുല്‍ത്താനി) തീക്ഷ്ണമായ ദൈവപ്രേമത്തിലുമായിരിക്കും (ഇശ്‌ഖേ അല്ലാഹ്).”

“ആരാധനകളിലൂടെ സ്വർഗ്ഗം കരസ്ഥമാക്കാൻ കഴിയുമെങ്കിലും സ്വർഗ്ഗം പോലും അല്ലാഹുവിൽ നിന്നും വളരെ അകലെയാണ്. സ്വർഗ്ഗത്തിനും അതിലെ ഹൂറികൾക്കും പകരം അല്ലാഹുവിൻ്റെ സ്നേഹവും അവൻ്റെ സാമീപ്യവും അവനുമായുള്ള ഒത്തുചേരലും ആഗ്രഹിക്കുന്നവർക്കു വേണ്ടി മാത്രമുള്ളതാണ് ഈ ആത്മീയജ്ഞാനം.”

“ജലം ഉപയോഗിച്ചാണ് ശരീരത്തിൻ്റെ ബാഹ്യഭാഗം ശുദ്ധീകരിക്കുന്നത്. അതേസമയം ശരീരത്തിൻ്റെ ആന്തരികഭാഗം ശുദ്ധമാകുന്നത് ദൈവികപ്രകാശത്താലാണ്.”

“സ്നേഹത്തിന്റെ ബന്ധം ഹൃദയവുമായാണ്. ‘അല്ലാഹു’ എന്ന നാമം ഹൃദയമിടിപ്പുമായി സമന്വയിക്കുമ്പോൾ അത് രക്തത്തിലൂടെ സിരകളിലെത്തി ആത്മാക്കളെ ഉണർത്തുന്നു. അങ്ങനെ അല്ലാഹുവിന്റെ നാമത്തിലൂടെ ആത്മാക്കൾ ദൈവപ്രേമത്തിലേക്ക് പ്രവേശിക്കുന്നു.”

“ദൈവത്തോടുള്ള സ്നേഹമാണ് എല്ലാ മതങ്ങളേക്കാളും വലുത്. എല്ലാ മതങ്ങളുടെയും സത്തയും അതു തന്നെ. ദൈവികപ്രകാശം നേർമാർഗത്തിലേക്ക് വഴി കാണിക്കുന്ന വിളക്കാകുന്നു.”

“ദൈവസ്നേഹമില്ലാത്ത ഒരു മതവിശ്വാസിയേക്കാള്‍ ശ്രേഷ്ഠനാണ് ദൈവസ്നേഹമുള്ള ഒരു മതമില്ലാത്ത വ്യക്തി.”

“ദൈവത്തെ സൂചിപ്പിക്കുന്ന ഏതൊരു നാമവും ബഹുമാനാർഹമാണ്. അത് അവരെ ദൈവത്തിലേക്ക് നയിക്കുകയും ചെയ്യും.”

“ദൈവത്തെ തേടി നിങ്ങൾ മസ്ജിദുകളിലേക്കും അമ്പലങ്ങളിലേക്കും പള്ളികളിലേക്കും ഓടുന്നു. ദൈവം ഏതെങ്കിലും ആരാധനാലയത്തിൽ ഇരിക്കുന്നത് ഇന്നേവരെ ആരെങ്കിലും കണ്ടിട്ടുണ്ടോ? ഹേ വിഡ്ഢികളേ, ദൈവത്തിൻ്റെ വാസസ്ഥലം നിങ്ങളുടെ ഹൃദയമാണ്. ദൈവത്തെ നിങ്ങളുടെ ഹൃദയത്തിൽ വസിപ്പിക്കിൻ. അപ്പോൾ നിങ്ങൾക്ക് കാണാം, ഈ ആരാധനാലയങ്ങളും അതിലെ ആരാധകരും നിങ്ങളുടെ അടുത്തേക്ക് ഓടി വരുന്നത്.”

“അല്ലാഹുവിനോടുള്ള ഇഷ്‌ഖ് എല്ലാ മതങ്ങൾക്കും മീതെയാണ്. അല്ലാഹുവിനെ കാണൽ (ദീദാറേ ഇലാഹി) എല്ലാ ആരാധനകളേക്കാളും മഹത്തരമാണ്.”