ദൈവാന്വേഷികൾ തങ്ങളുടെ ഹൃദയമിടിപ്പുകൾ പല രീതികളിലൂടെയും ഉയർത്തി. ചിലർ നൃത്തം ചെയ്‌തു, ചിലർ കബഡി കളിച്ചു, ചിലർ മതിലുകൾ പണിയുകയും പൊളിക്കുകയും ചെയ്‌തു, ചിലർ നെഞ്ചിൽ പ്രഹരമേൽപ്പിച്ചു, ചിലർ വ്യായാമങ്ങളിൽ ഏർപ്പെട്ടു. ഇത് ഹൃദയമിടിപ്പുമായി ‘അല്ലാഹു അല്ലാഹു’ എന്ന ദിക്ർ സമന്വയിപ്പിക്കുന്നത് എളുപ്പമാക്കി. ക്രമേണ ‘അല്ലാഹു അല്ലാഹു’ എന്ന ദിക്ർ തനിയെ എല്ലാ ലഥായിഫുകളിലും എത്തി. ചിലർ ഇതിനേക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാതെ അവരെ അനുകരിക്കാൻ തുടങ്ങി. ‘അല്ലാഹു’ എന്ന് ആവർത്തിച്ചുരുവിട്ട് നൃത്തം ചെയ്യുന്ന രീതിയാണ് അവർ സ്വീകരിച്ചത്. ഹൃദയമിടിപ്പുമായി ‘അല്ലാഹു’ എന്ന നാമം സമന്വയിപ്പിക്കുന്ന രീതിയെ പറ്റി അവർ മനസ്സിലാക്കിയില്ല. അവര്‍ക്കത് നേടാനും കഴിഞ്ഞില്ല. എന്നിരുന്നാലും കായിക പ്രവർത്തനങ്ങളെ പ്രതിനിധീകരിക്കുന്ന അവരുടെ ഹയവാനി റൂഹിന് (മൃഗാത്മാവ്) അല്ലാഹു എന്ന നാമം പരിചിതമായി. സംഗീതത്തോടൊപ്പം ‘അല്ലാഹു’ എന്ന നാമത്തിന്റെ ആവർത്തനം നബാത്തി റൂഹിനെ (സസ്യാത്മാവ്) ശക്തിപ്പെടുത്തുകയും ‘അല്ലാഹു’ എന്ന നാമവുമായി അതിനെ പരിചയത്തിലാക്കുകയും ചെയ്യുന്നു. സംഗീതം നബാത്തി റൂഹിന്റെ ഭക്ഷണമാണ്. അമേരിക്കയില്‍ സംഗീതം ഉപയോഗിച്ച് ചില വിളകളിൽ ഒരു പരീക്ഷണം നടത്തി. ഒരേ മണ്ണിൽ ഒരേ തരം വിളകൾ വിതച്ചു. ഒരു വിളയിൽ സംഗീതം ഇരുപത്തിനാല് മണിക്കൂറും കേള്‍പ്പിക്കുകയും മറ്റേ വിള സംഗീതമില്ലാതെ വളർത്തുകയും ചെയ്‌തു. സംഗീതം ലഭിച്ച വിള വളർച്ചയിൽ മറ്റേതിനേക്കാള്‍ മികച്ചതായിരുന്നു.

വളരെയധികം ബുദ്ധിമുട്ടിക്കുന്നവനാണ് നഫ്‌സ്. ശുദ്ധീകരണത്തിനു ശേഷവും ന്യായം കണ്ടെത്തുന്നതിൽ അവൻ സമർഥനാണ്. ശബ്ദവും സംഗീതവും അത് ഇഷ്ടപ്പെടുന്നു. ചിലര്‍ സംഗീതം വഴി അതിന്‍റെ ദിശ അല്ലാഹുവിലേക്ക് തിരിക്കാന്‍ ശ്രമിച്ചു. ചിലർ ഗിറ്റാർ ഉപയോഗിച്ച് ‘അല്ലാഹു അല്ലാഹു’ എന്ന് ഉരുവിട്ടു. അതിലൂടെ അവര്‍ ചെവി കൊണ്ടുള്ള ആരാധനയിലെങ്കിലും എത്തി. ഒരു ഗിറ്റാറിസ്റ്റ് എന്നോടൊരു സംഭവം വിവരിച്ചു, “ഞാൻ ഒഴിവുസമയങ്ങളിൽ ഒരു ഹോബി എന്ന നിലയിൽ ഗിറ്റാറിന്റെ തന്ത്രികൾ കൊണ്ട് ‘അല്ലാഹു അല്ലാഹു’ എന്ന് വിളിക്കുമായിരുന്നു. പിന്നീട് ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ എന്റെ ഉള്ളിൽ നിന്നും അതേ രീതിയിൽ ‘അല്ലാഹു അല്ലാഹു’ എന്ന ശബ്‌ദം കേൾക്കാൻ തുടങ്ങി.” ഈ വ്യക്തികള്‍ ഗായകരേക്കാളും സംഗീതജ്ഞരെക്കാളും ശ്രോതാക്കളേക്കാളും മികച്ചവരാണ്. എന്നാൽ അവർക്ക് വിലായത്തിന്റെ ഒരു പദവിയിലും എത്താൻ കഴിഞ്ഞില്ല. ഇക്കൂട്ടർ ദൈവത്തെ അന്വേഷിക്കുന്ന കാര്യത്തില്‍ വളരെയധികം ഉത്സാഹവും ആവേശവുമുള്ളവരാണ്. ഒരു കാമിലായ ശൈഖിലൂടെ അവർക്ക് അവരുടെ ആത്മീയവിധിയിലേക്ക് എത്തിപ്പെടാന്‍ സാധിച്ചേക്കാം. ഇസ്‌ലാമിലെയും മറ്റ് മതങ്ങളിലെയും സൂഫികള്‍ വിവിധങ്ങളായ രീതികളിലൂടെ ദൈവനാമം ആഗിരണം ചെയ്യുന്ന മാര്‍ഗ്ഗം സ്വീകരിച്ചു. ഒരുവനെ അല്ലാഹുവിലേക്ക് തിരിച്ച് വിടുന്നതും അവനോടുള്ള സ്നേഹം വർധിപ്പിക്കുന്നതുമായ ഒരു കാര്യവും വിലക്കിയിട്ടില്ല. 

അല്ലാഹു നോക്കുന്നത് കർമ്മങ്ങളിലേക്കല്ല, നിയ്യത്തുകളിലേക്കാണ്

(ഹദീസ്)

 ശരീഅത്തിന്‍റെ ആളുകൾ ഇത് കുറ്റകരവും തെറ്റായതുമാണെന്ന് മുദ്രകുത്തുന്നു. കാരണം അവർ ശരീഅത്ത് കൊണ്ട് സന്തുഷ്ടരും സംതൃപ്തരുമാണ്. എന്നാൽ ശരീഅത്തിനപ്പുറം കടന്ന് ദൈവപ്രേമം കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവരെയും ശരീഅത്തിനെ പിന്തുടരാത്തവരെയും മറ്റു മാർഗ്ഗങ്ങൾ തേടുന്നതിൽ നിന്നും തടയുന്നതെന്തിനാണ്?