1. ലഥായിഫുൽ ഖൽബ്

ഖൽബ് മുഖേനയാണ് മനുഷ്യൻ ദൈവവുമായി ബന്ധം സ്ഥാപിക്കുന്നത്. ദൈവത്തിൻ്റെയും മനുഷ്യൻ്റെയും ഇടയിലുള്ള ഒരു ടെലിഫോൺ ഓപ്പറേറ്റർ പോലെയാണ് ഖൽബ്. ദൈവിക തെളിവുകളും (ദലീൽ) വെളിപാടുകളും (ഇൽഹാം) മനുഷ്യന് ലഭിക്കുന്നത് ഖൽബിലൂടെയാണ്. നെഞ്ചിലെ എല്ലാ ലഥായിഫുകളുടെയും ഇബാദത്ത് (ആരാധന) അല്ലാഹുവിൻ്റെ അർശിലെത്തുന്നത് ഖൽബ് മുഖേനയാണ്. എന്നാൽ ഖൽബിന് മലക്കൂത്തിയ ലോകത്തിനപ്പുറം കടക്കാൻ കഴിയില്ല. ഖുൽദ് (ഏറ്റവും താഴ്ന്ന നിലയിലുള്ള സ്വർഗ്ഗം) ആണ് ഖൽബിന്റെ മഖാം.

ഖൽബ് ഹൃദയത്തിന് ഇടതുവശത്തായി രണ്ട് ഇഞ്ച് ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. അതിൻ്റെ നിറം മഞ്ഞയാണ്. ഖൽബ് ഉണരുന്നതിൻ്റെ ഫലമായി മനുഷ്യൻ തൻ്റെ കണ്ണുകളിൽ മഞ്ഞപ്രകാശം കാണാൻ തുടങ്ങും. ഒരു സാധാരണ മനുഷ്യൻ്റെ ഖൽബ് വിവേകശൂന്യമാണ്‌. അത്തരം ഖൽബിനെ ‘ഖൽബേ സനോബർ’ എന്ന് വിളിക്കുന്നു. ഇത് നൽകുന്ന ഉപദേശം മിക്കവാറും തെറ്റായിരിക്കും. അല്ലാഹുവിൻ്റെ ദിക്റിനാൽ ഖൽബ് ഉണർന്ന് കഴിഞ്ഞാൽ അത് തെറ്റും ശരിയും വേർതിരിച്ചറിയാൻ തുടങ്ങും. അങ്ങനെ അത് വിവേകപൂർണമാകുന്നു. അത്തരം ഖൽബിനെ ‘ഖൽബേ സലിം’ (സുരക്ഷിത ഹൃദയം) എന്ന് വിളിക്കുന്നു. ദിക്റിൻ്റെ ആധിക്യത്താൽ പിന്നീടത് അല്ലാഹുവിലേക്ക് തിരിയുന്നു. ഈ അവസ്‌ഥ പ്രാപിച്ച ഖൽബാണ് ‘ഖൽബേ മുനീബ്’ (ദൈവത്തിലേക്ക് തിരിഞ്ഞ ഹൃദയം). ഇത്തരം ഹൃദയങ്ങൾക്ക് മനുഷ്യനെ തെറ്റിൽ നിന്നും തടയാൻ കഴിയും. എന്നാൽ അതിന് ശരിയായ തീരുമാനം എടുക്കുവാനുള്ള കഴിവില്ല. പിന്നീട് അതിലേക്ക് അല്ലാഹുവിൻ്റെ തജല്ലിയാത്ത് പതിക്കുവാൻ തുടങ്ങുമ്പോൾ അത് ‘ഖൽബേ ശഹീദ്’ ആയി മാറുന്നു (സാക്ഷിയായ ഹൃദയം). ഒരു ഹദീസിൽ പറയുന്നു, ‘ഉടക്കപ്പെട്ട ഹൃദയങ്ങളിലും ഉടക്കപ്പെട്ട ഖബറുകളിലും അല്ലാഹുവിന്റെ കാരുണ്യം വന്നിറങ്ങുന്നു.’ ഈ ഘട്ടത്തിലെത്തിയാൽ ഹൃദയം പറയുന്നതെന്തും ഒരു സംശയവും കൂടാതെ അനുസരിക്കുക. കാരണം അല്ലാഹുവിൻ്റെ തജല്ലിയാത്ത്, നഫ്‌സിനെ ‘മുത്‌മഇന്ന’ എന്ന തലത്തിലേക്ക് മാറ്റിയിരിക്കുന്നു. അപ്പോൾ അല്ലാഹു അവൻ്റെ കണ്ഠനാഡിയേക്കാൾ അടുത്തവനായിത്തീരും. ഈ ഘട്ടത്തിൽ അല്ലാഹു പ്രഖ്യാപിക്കുന്നു,“ഞാനവൻ്റെ നാവായി തീരും, അത്കൊണ്ട് അവൻ സംസാരിക്കും. ഞാൻ അവൻ്റെ കൈ ആയി തീരും, അത്കൊണ്ട് അവൻ പിടിക്കും.”

2. മനുഷ്യാത്മാവ് (റൂഹ്)

മനുഷ്യാത്മാവ് നെഞ്ചിൻ്റെ വലതുവശത്തായി സ്ഥിതി ചെയ്യുന്നു. അല്ലാഹുവിന്റെ നാമം ഉറക്കെ ചൊല്ലുന്നതിലൂടെയും അത് തസവ്വുർ (ഭാവനയിൽ കാണുക) ചെയ്യുന്നതിലൂടെയും റൂഹിനെ ഉണർത്താം. തത്ഫലമായി അതിൽ ഒരു തുടിപ്പ് അനുഭവപ്പെടുകയും ക്രമേണ ആ തുടിപ്പ് വർധിച്ചു വരുന്നതായും അറിയുന്നതാണ്. ഇതിന്റെ ദിക്ർ ആണ് ‘യാ അല്ലാഹ്.’ കടും ചുവപ്പാണ് റൂഹിൻ്റെ നിറം. റൂഹിനെ ഉണർത്തുന്നതോടു കൂടി ജബറൂത്ത് ലോകത്തിലേക്ക് പ്രവേശനം ലഭിക്കുന്നു.

3. ലഥായിഫുൽ സിർറി

ഇത് നെഞ്ചിൻ്റെ ഇടതുഭാഗത്തിനും മധ്യഭാഗത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. ‘യാ ഹയ്യു യാ ഖയ്യൂം’ എന്ന ദിക്ർ ഉച്ചത്തിൽ ചൊല്ലുന്നതിലൂടെയും തസവ്വുർ ചെയ്യുന്നതിലൂടെയും ഇതിനെ ഉണർത്താവുന്നതാണ്. ഇതിൻ്റെ നിറം വെളുപ്പാണ്. സ്വപ്നത്തിലൂടെയും ആത്മീയയാത്രയിലൂടെയും ഇത് ലാഹൂത്ത് ലോകത്തിൽ എത്തിച്ചേരുന്നു.

4. ലഥായിഫുൽ ഖഫി

നെഞ്ചിൻ്റെ മധ്യഭാഗത്തിന് വലത് വശത്തായാണ് ഈ ലഥായിഫ്‌ സ്ഥിതി ചെയ്യുന്നത്. ‘യാ വാഹിദ്’ എന്ന നാമം ഉച്ചത്തില്‍ ചൊല്ലുന്നതിലൂടെ ഇതിനെ ഉണർത്താൻ കഴിയും. പച്ചയാണ് ഇതിന്‍റെ നിറം. ഇതിന് ആലം വഹ്ദത്തിൽ (വഹ്ദത്ത് ലോകം) എത്താൻ കഴിയുന്നതാണ്.

5. ലഥായിഫുൽ അഖ്‌ഫാ

ഇത് നെഞ്ചിൻ്റെ നടുവിലായി സ്ഥിതി ചെയ്യുന്നു. ‘യാ അഹദ്’ എന്ന നാമം ഉറക്കെ ചൊല്ലുന്നതിലൂടെ ഇതിനെ പ്രകാശിപ്പിക്കാം. വയലറ്റ് ആണ് ഇതിൻ്റെ നിറം. ഇതും ആലം വഹ്ദത്തിലെ മറയോട് ബന്ധപ്പെട്ടു നിൽക്കുന്നു. ഈ മറയ്ക്ക് പിന്നിലാണ് അല്ലാഹുവിൻ്റെ അർശ് (ദൈവിക സിംഹാസനം).

6. ലഥായിഫുൽ അന

ഇത് ശിരസ്സിൽ സ്ഥിതിചെയ്യുന്നു. ഇതിന് നിറമില്ല. ‘യാ ഹൂ’ എന്ന ദിക്ർ ആണ് ഇതിൻ്റെ മിഅ്റാജ് (ascension). ആത്മീയമായി ശക്തി പ്രാപിച്ചു കഴിഞ്ഞാൽ ഇത് അല്ലാഹുവിലെത്തുകയും അല്ലാഹുവിനെ മറകളില്ലാതെ ദർശിക്കുകയും അല്ലാഹുവുമായി മുനാജാത്തിൽ (സംഭാഷണം) ഏർപ്പെടുകയും ചെയ്യും. ഇത് ആഷിഖീങ്ങളുടെ (ദൈവപ്രേമികൾ) മഖാം ആണ്. ഇത് കൂടാതെ അല്ലാഹുവിൻ്റെ ചില ഇഷ്ടദാസൻമാർക്ക് മറ്റ് ചില ദിവ്യാത്മാക്കളെ കൂടി നൽകുന്നതാണ്. ഥിഫ്‌ലേ നൂരി (Spirit of God’s Light), ജുസ്സേ തൗഫീഖേ ഇലാഹി (Spirit of God) തുടങ്ങിയവയാണ് അവ. അത്തരം ഉന്നതാത്മാക്കളെ മനസ്സിലാക്കൽ മനുഷ്യബുദ്ധിക്ക് അതീതമാണ്.

ലഥായിഫുൽ അന മുഖേന അല്ലാഹുവിനെ സ്വപ്നത്തിൽ ദർശിക്കാം. ജുസ്സേ തൗഫീഖേ ഇലാഹി മുഖേന അല്ലാഹുവിനെ മുറാഖബയിൽ (Transcendental Meditation) ദർശിക്കുവാൻ സാധിക്കും. ഥിഫ്‌ലേ നൂരി കരസ്ഥമാക്കിയവർക്ക് ബോധാവസ്ഥയിൽ തന്നെ അല്ലാഹുവിനെ ദർശിക്കുവാൻ സാധിക്കും.

 

ഏതൊരു ലഥായിഫിനെയാണോ നിങ്ങൾ ജീവസ്സുറ്റതാക്കുകയും അങ്ങനെ അതിനെ അല്ലാഹുവിൻ്റെ ദിക്റിൽ വ്യാപൃതമാക്കുകയും ചെയ്‌തത്‌ ആ ലഥായിഫിനോട് ബന്ധപ്പെട്ട പ്രവാചകൻ്റെ അനുഗ്രഹം നേടാൻ നിങ്ങൾ അർഹനായി. അതുവഴി ആ പ്രവാചകനുമായി ബന്ധം സ്ഥാപിക്കാനും നിങ്ങൾക്ക് സാധിക്കുന്നതാണ്. ഏത് ലഥായിഫിലാണോ അല്ലാഹുവിൻ്റെ തജല്ലിയാത്ത് വന്ന് പതിക്കുന്നത് ആ ലഥായിഫുമായി ബന്ധപ്പെട്ട വിലായത്ത് (Sainthood) നിങ്ങൾ നേടുന്നു. ഏഴ് ലോകങ്ങളിലേക്കുള്ള പ്രവേശനം സാധ്യമാകുന്നതും സ്വർഗ്ഗങ്ങളിലെ വ്യത്യസ്ത പദവികൾ നേടുന്നതും നെഞ്ചിലെ ഈ ലഥായിഫുകൾ മുഖേനയാണ്.

 

 

വീഡിയോ ——>> ഉപരിലോകാത്മാക്കളുടെ വിവരണം