അല്ലാഹു ആത്മാക്കളെ സൃഷ്ടിക്കുവാൻ ഉദ്ദേശിച്ചപ്പോൾ അവൻ പറഞ്ഞു; ‘കുൻ’ (ഉണ്ടാവുക). അങ്ങനെ എണ്ണമറ്റ ആത്മാക്കൾ ഉണ്ടായി. അല്ലാഹുവിൻ്റെ തൊട്ടുമുമ്പിൽ കാണപ്പെട്ടത് നബിമാരുടെ ആത്മാക്കളായിരുന്നു. രണ്ടാമത്തെ നിരയിൽ ഔലിയാക്കളുടെ (Saints) ആത്മാക്കളും മൂന്നാമത്തെ നിരയിൽ മുഅ്മിനീങ്ങളുടെ ആത്മാക്കളും അതിനു പിന്നിലായി സാധാരണ ജനങ്ങളുടെ ആത്മാക്കളും നില കൊണ്ടു. അല്ലാഹുവിൻ്റെ അടുക്കൽ നിന്നും ദൂരെയുള്ള വരിയിൽ സ്ത്രീകളുടെ ആത്മാക്കളും അതിനു പിന്നിൽ മൃഗാത്മാക്കളും (ഹയവാനി റൂഹ്) പിന്നെ സസ്യാത്മാക്കളും (നബാത്തി റൂഹ്) പിന്നെ ധാതു ആത്മാക്കളും (ജമാദി റൂഹ്) കാണപ്പെട്ടു. ധാതു ആത്മാക്കൾക്ക് ചലിക്കാനുള്ള കഴിവില്ലായിരുന്നു. അല്ലാഹുവിൻ്റെ വലത് വശത്ത് മലക്കുകളും (Angels) അതിനെ തുടർന്ന് സ്വർഗ്ഗീയ സ്ത്രീകളുടെ (ഹൂറിലീങ്ങൾ) റൂഹുകളും സ്ഥാനം പിടിച്ചു. അവർക്ക് അല്ലാഹുവിന്റെ മുഖം കാണുവാൻ കഴിഞ്ഞിരുന്നില്ല. ഇക്കാരണം കൊണ്ട് മലക്കുകൾക്ക് അല്ലാഹുവിനെ കാണുവാൻ കഴിയില്ല. അതിനു പിന്നിലായി ഉണ്ടായിരുന്നത് നൂരി മുഅക്കിലുകളുടെ (മലക്കുകളെ പോലെയുള്ള സൃഷ്ടികൾ) ആത്മാക്കളായിരുന്നു. അവർ പിന്നീട് നബിമാരുടെയും ഔലിയാക്കളുടെയും സഹായികളായി ഭൂമിയിൽ വരികയുണ്ടായി. അല്ലാഹുവിൻ്റെ ഇടതുവശത്ത് ജിന്നുകളുടെ ആത്മാക്കളും ശേഷം ദുരാത്മാക്കളും (സിഫലി മുഅക്കിലാത്ത്) ദുഷ്ടാത്മാക്കളും നിലകൊണ്ടു. ഇക്കൂട്ടർ ഭൂമിയിൽ വന്നതിനു ശേഷം ഇബ്ലീസിനെ അവൻ്റെ ജോലികളിൽ സഹായിച്ചു. അല്ലാഹുവിൻ്റെ ഇടതും വലതും വശങ്ങളിലുള്ള ആത്മാക്കൾക്കും വിദൂരതയിൽ നിലകൊണ്ട സ്ത്രീകളുടെ ആത്മാക്കൾക്കും ദൈവിക വെളിപ്പെടലിന് (ജൽവ) സാക്ഷ്യം വഹിക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താൽ ജിന്നുകൾക്കും മലക്കുകൾക്കും സ്ത്രീകൾക്കും അല്ലാഹുവിനോട് സംസാരിക്കാൻ കഴിയുമെങ്കിലും അവർക്ക് അവനെ ദർശിക്കുവാൻ സാധിക്കുന്നതല്ല.
ഭൗതികപ്രപഞ്ചത്തിൽ ഒരു അഗ്നിഗോളമുണ്ടായിരുന്നു. അതിനോട് തണുക്കുവാൻ കൽപ്പിക്കപ്പെട്ടു. അങ്ങനെ അതിൻ്റെ ഭാഗങ്ങൾ ആകാശമണ്ഡലത്തിൽ ചിന്നിച്ചിതറി. ചന്ദ്രൻ, ചൊവ്വ, വ്യാഴം, ഭൂമി, നക്ഷത്രങ്ങൾ എന്നിവ അതിന്റെ ചിതറിയ ഭാഗങ്ങളും, സൂര്യൻ ആ അഗ്നിഗോളത്തിന്റെ ശിഷ്ടഭാഗവുമാണ്. തുടക്കത്തിൽ ഭൂമി ചാരം കൊണ്ട് മാത്രം നിറക്കപ്പെട്ട ഒരു ഗോളമായിരുന്നു. ചാരത്തെ കല്ലുകളാക്കി മാറ്റുന്നതിനായി ധാതുആത്മാക്കളെ ഭൂമിയിലേക്ക് അയച്ചു. ശേഷം പാറകളിൽ ചെടികളും വൃക്ഷങ്ങളും മുളക്കാനായി സസ്യാത്മാക്കളെയും അയച്ചു. അതിനു ശേഷം വന്ന മൃഗാത്മാക്കളിൽ നിന്നും ഭൂമിയിൽ മൃഗങ്ങളുണ്ടായി. പിന്നീട് അല്ലാഹു എല്ലാ ആത്മാക്കളോടും ചോദിച്ചു; “ഞാൻ നിങ്ങളുടെ സൃഷ്ടാവ് അല്ലയോ?” (അലസ്തു ബി റബ്ബിക്കും?) എല്ലാ ആത്മാക്കളും ‘അതെ’ എന്ന് മറുപടി പറയുകയും സാഷ്ടാംഗം പ്രണമിക്കുകയും (സുജൂദ്) ചെയ്തു. കല്ലുകളുടെയും വൃക്ഷങ്ങളുടെയും ആത്മാക്കൾ പോലും സുജൂദ് ചെയ്യുകയുണ്ടായി. “നക്ഷത്രങ്ങളും വൃക്ഷങ്ങളും അല്ലാഹുവിന് സുജൂദ് ചെയ്തു.” (സൂറഃ റഹ്മാൻ)
എന്നിട്ട് ആത്മാക്കളെ പരീക്ഷിക്കുന്നതിനായി അല്ലാഹു കൃത്രിമ ദുനിയാവും കൃത്രിമ സുഖങ്ങളും സൃഷ്ടിച്ചു. എന്നിട്ട് അല്ലാഹു പറഞ്ഞു, “ആരെങ്കിലും ഇത് ആഗ്രഹിക്കുന്നുവെങ്കിൽ അവർക്കിത് കരസ്ഥമാക്കാം.” എണ്ണമറ്റ ആത്മാക്കൾ അല്ലാഹുവിൽ നിന്നും പിന്തിരിഞ്ഞു കൊണ്ട് പ്രദർശിപ്പിക്കപ്പെട്ട ദുനിയാവ് മോഹിച്ച് കൊണ്ട് മുന്നോട്ടു വരികയുണ്ടായി. അവരുടെ വിധിയിൽ നരകം എഴുതപ്പെട്ടു. പിന്നീട് അല്ലാഹു അവർക്ക് മുന്നിൽ സ്വർഗ്ഗത്തിൻ്റെ കാഴ്ചകൾ പ്രദർശിപ്പിച്ചു. അത് ആദ്യത്തെക്കാളും മികച്ചതും അനുസരണ, ആരാധന എന്നിവയുമായി ബന്ധപ്പെട്ടതുമായിരുന്നു. ധാരാളം ആത്മാക്കൾ അത് ആഗ്രഹിച്ചുകൊണ്ട് മുന്നോട്ടു വരികയുണ്ടായി. അവരുടെ വിധിയിൽ സ്വർഗ്ഗം എഴുതിച്ചേർക്കപ്പെട്ടു. നിരവധി ആത്മാക്കൾക്ക് ഒരു തീരുമാനവും എടുക്കാൻ കഴിഞ്ഞില്ല. അവരുടെ കാര്യം റഹ്മാനും ശൈത്താനും ഇടയിലായിക്കൊണ്ട് നിശ്ചയിക്കപ്പെട്ടു. ഈ ഭൂമിയിൽ വന്നതിനു ശേഷവും ഈ ആത്മാക്കൾ രണ്ടിനും മധ്യേ കുഴങ്ങി നിൽക്കുന്നു. ആരാണോ അവരെ ആദ്യം സ്വാധീനിക്കുന്നത് അവർ അവരുടേതായി തീരുന്നു. ധാരാളം ആത്മാക്കൾ ദുനിയാവോ സ്വർഗ്ഗമോ ആഗ്രഹിക്കാതെ അല്ലാഹുവിൻ്റെ ജൽവയിലേക്ക് മാത്രം ദൃഷ്ടിയുറപ്പിച്ചു കൊണ്ട് നിന്നിരുന്നു. അല്ലാഹു അവരെ സ്നേഹിച്ചു. അവർ അല്ലാഹുവിനെയും സ്നേഹിച്ചു. ഈ ആത്മാക്കൾ ദുനിയാവിൽ വന്നതിനു ശേഷം അല്ലാഹുവിനു വേണ്ടി ഈ ലോകം ഉപേക്ഷിച്ച് വനങ്ങളിൽ താമസമാക്കി.
ആത്മാക്കളുടെ ആവശ്യങ്ങൾക്കും അവരുടെ ആനന്ദത്തിനുമായി പതിനെണ്ണായിരം തരം ജീവികൾ സൃഷ്ടിക്കപ്പെട്ടു. ആറായിരം കടലിലും, ആറായിരം കരയിലും, ആറായിരം വായുവിലും വാനലോകങ്ങളിലുമായും. എന്നിട്ട് അല്ലാഹു ഏഴ് തരം സ്വർഗ്ഗങ്ങളും ഏഴ് തരം നരകങ്ങളും സൃഷ്ടിച്ചു.
ഏഴ് സ്വർഗ്ഗങ്ങൾ:
ഖുൽദ്, ദാറുസ്സലാം, ദാറുൽ ഖരാർ, ഈദൻ, അൽ മഅ്വാ, നഈം, ഫിർദൗസ്
ഏഴ് നരകങ്ങൾ:
സഖർ, സഈർ, നുത്താ, ഹുത്തമാ, ജഹീം, ജഹന്നം, ഹാവിയ
സുരിയാനി ഭാഷയിൽ നിന്നുള്ളതാണ് മേൽപ്പറഞ്ഞ നാമങ്ങളെല്ലാം. അല്ലാഹു മലക്കുകളുമായി സംസാരിക്കുന്ന ഭാഷയാണ് സുരിയാനി.
അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ നരകത്തിലേക്കോ താൻ ഉദ്ദേശിക്കുന്നവരെ സ്വർഗ്ഗത്തിലേക്കോ അയക്കുന്നു എന്നത് ഒരു പൊതുവായ വിശ്വാസമാണ്. അവിടെ നിന്ന് ഒരു ആത്മാവ് നരകത്തിലേക്ക് അയക്കപ്പെട്ടാൽ ആ ആത്മാവ് ചോദിച്ചേക്കാം, “എന്ത് കുറ്റമാണ് ഞാൻ ചെയ്തത്?” അപ്പോൾ അല്ലാഹു പറയും, “നീ എന്നിൽ നിന്നും തിരിഞ്ഞ് കളഞ്ഞ് ദുനിയാവിനെ മോഹിച്ചു.” അപ്പോൾ ആ ആത്മാവ് പറയും, “അത് എൻ്റെ അൽപബുദ്ധിയിൽ തോന്നിയ ഒരു തീരുമാനം മാത്രമായിരുന്നു, എന്നിരുന്നാലും അത് ഞാൻ നടപ്പിലാക്കിയിട്ടില്ല.” ഈ വാദം തീർപ്പാക്കുന്നതിനു വേണ്ടി ആത്മാക്കളെ ദുനിയാവിലേക്ക് അയച്ചു.
ആദമിൻ്റെ (ശങ്കര ഭഗവാൻ, ശങ്കർ ജീ എന്നിങ്ങനെയും വിളിക്കപ്പെടുന്നു) ശരീരം സ്വർഗ്ഗത്തിലെ മണ്ണ് കൊണ്ട് സൃഷ്ടിക്കപ്പെട്ടു. മനുഷ്യാത്മാവിനെ (റൂഹ്) കൂടാതെ മറ്റ് ചില ആത്മാക്കളെയും ആദമിന്റെ ശരീരത്തിലേക്ക് പ്രവേശിപ്പിച്ചു. ആദമിൻ്റെ ശരീരത്തിന്റെ നിർമ്മാണ ഘട്ടത്തിൽ ഇബ്ലീസ് കടുത്ത അസൂയ നിമിത്തം അതിലേക്ക് തുപ്പി. തുപ്പൽ പൊക്കിളിൽ വീഴുകയും തുപ്പലും അതിന്റെ അണുവും ശരീരത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. ജിന്ന് വർഗ്ഗത്തിൽപ്പെട്ടവനാണ് ശൈത്താൻ. ഓരോ മനുഷ്യൻ ജനിക്കുമ്പോഴും കൂടെ ഒരു ശൈത്താനി ജിന്നും ജനിക്കുന്നു എന്ന് ഒരു ഹദീസിൽ പ്രസ്താവിക്കുന്നു. ഒരു കളിമൺ വീട് പോലെയാകുന്നു ശരീരം. അതിൽ പതിനാറ് ആത്മാക്കൾ (spirits) കുടികൊള്ളുന്നു. അവ കൂടാതെ ഖന്നാസും (ഹൃദയത്തിൽ ദുർമന്ത്രണം നടത്തുന്ന പിശാച്) നാല് പക്ഷികളുമുണ്ട്. ആദമിൻ്റെ ഇടത്തേ വാരിയെല്ലിൽ നിന്നും സ്ത്രീയുടെ രൂപത്തിൽ പദാർത്ഥം പുറപ്പെട്ടു വന്നു. അതിലേക്ക് ഒരു ആത്മാവിനെ പ്രവേശിപ്പിച്ചു. അങ്ങനെ മാതാവ് ഹവ്വ ഉണ്ടായി. സ്വർഗ്ഗത്തിൽ നിന്നുള്ള പുറത്താക്കലിന് ശേഷം ആദം ശ്രീലങ്കയിലും മാതാവ് ഹവ്വ ജിദ്ദയിലും ഇറക്കപ്പെട്ടു. അങ്ങനെ അവരിൽ നിന്നും ഏഷ്യൻ വംശജരുടെ പരമ്പരക്ക് തുടക്കം കുറിച്ചു. തുടർന്ന് ബാക്കി ആത്മാക്കളെയും ഉപരിലോകങ്ങളിൽ നിന്ന് ഭൂമിയിലേക്ക് സമയാ സമയങ്ങളിൽ ഇറക്കപ്പെട്ടു കൊണ്ടിരുന്നു. ഈ ആത്മാക്കൾക്ക് പരിശീലനവും അറിവുകളും നൽകുന്നതിനായി മതങ്ങൾ സ്ഥാപിക്കപ്പെട്ടു. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട വിധിപ്രകാരം ചില ആത്മാക്കളെ മതങ്ങളിലും ചിലതിനെ മതമില്ലാതെയും ക്രമപ്പെടുത്തി. ദൈവത്തെ മാത്രം സ്നേഹിച്ച ആത്മാക്കളും ഈ ലോകത്തേക്ക് വരികയുണ്ടായി. അവർ മുസ്ലിം, സിഖ്, ഹിന്ദു, ക്രിസ്ത്യൻ വീടുകളിൽ പിറവിയെടുത്തു. അവർ അവരുടെ മതങ്ങളിലൂടെ ദൈവത്തെ അന്വേഷിച്ചു. ഇക്കാരണം കൊണ്ടാണ് എല്ലാ മതങ്ങളിലെയും ഉന്നതരെല്ലാം തന്നെ ഏകാന്തവാസം അനുഷ്ഠിച്ചത്. ഇസ്ലാമിൽ ഏകാന്തവാസം ഇല്ല എന്ന് ചിലർ പറയുന്നു. എന്നാൽ ഈ വിശ്വാസം തെറ്റാണ്. മുഹമ്മദ് നബി (സ) ഹിറാ ഗുഹയിൽ പോകാറുണ്ടായിരുന്നു. ശൈഖ് അബ്ദുൽ ഖാദർ ജീലാനി, ഖ്വാജ മൊയിനുദ്ദിൻ അജ്മീരി, ദാദാ അലി ഹജ്വേരി, ബരീ ഇമാം, ബാബ ഫരീദ്, ഷഹബാസ് ഖലന്ദർ തുടങ്ങിയവരെല്ലാം തന്നെ ഉന്നത ആത്മീയതലങ്ങളിൽ എത്തിച്ചേർന്നത് ഏകാന്തവാസത്തിന് ശേഷമാണ്. ഇവരിലൂടെയാണ് മതങ്ങൾ പ്രചരിച്ചത്.